About

ബീമാപള്ളി ദര്‍ഗാ ഷെരീഫ്

പ്രകൃതിരമണീയമായ കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സമീപത്താണ് ബീമാപള്ളി ദര്‍ഗാ ഷെരീഫ് സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന്‍റെ മടിത്തട്ടില്‍ അലമാലകളുടെ സ്തോത്രഗീതങ്ങളും കേട്ട് നൂറ്റാണ്ടുകളായി വലിയ മിനാരങ്ങളോടെ നിലകൊള്ളുന്ന ബീമാപള്ളി ദര്‍ഗാ ഷെരീഫ് മതസൗഹാര്‍ദ്ദത്തിന്‍റെയും മാനവസമത്വത്തിന്‍റെയും പ്രതീകമാണ്. അനുഗ്രഹത്തിന്‍റെ സങ്കേതമാണ്. അശരണരുടെയും നിരാലംബരുടെയം അഭയകേന്ദ്രമാണ്. വിശാലമായ മണല്‍പ്പരപ്പില്‍ വീഥിയോട് ചേര്‍ന്ന് അതിമനോഹരമായി തലയുയര്‍ത്തി നില്‍ക്കുന്ന ആ മഹല്‍ സ്മാരകം കേരളീയരായ നാനാജാതിമതസ്ഥരുടെയും അഭിമാനസ്തംഭമാണ്. പ്രത്യേകിച്ച് ഭാരതത്തിന്‍റെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്.

ബീമാപള്ളി ദര്‍ഗാശരീഫില്‍ തിരുമുറ്റത്തു നിന്നും പ്രധാനകവാടത്തിലൂടെ അകത്തേക്ക് കടന്നാല്‍ ആദ്യമായി കാണുന്നത് വിശാലമായ ഒരു ഹാള്‍ ആണ്. അവിടെയിരുന്ന് സ്ത്രീപുരുഷന്മാര്‍ പ്രാര്‍ത്ഥിക്കുന്നു. തൊട്ടുമുമ്പിലുള്ള ചെറിയ മുറിയില്‍ ഒരു നിലവിളക്ക് സദാ ജ്വലിച്ചുകൊണ്ടിരിക്കും. അതിന് ചുറ്റുമിരുന്ന് പുരുഷന്മാര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. അവരുടെതൊട്ടു മുന്നിലായി ചെമ്പുകൊണ്ടുള്ള മൂന്ന് കാണിക്ക കലശങ്ങളുണ്ട്. തങ്ങള്‍ക്ക് കഴിയുന്ന കാണിക്കകള്‍ അതില്‍ ഒരു തിരശ്ശീലയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. ആ കൊച്ചു മുറിയുടെ പിന്നാലായി തൊട്ടടുത്തായി രണ്ട് ഖബറുകള്‍ കാണാം. വലതുഭാഗത്ത് സയ്യിദത്തുന്നിസാ ബീവി (റ) അവര്‍കളുടെയും ഇടതുവശത്ത് സയ്യിദുശ്ശുഹദാ മാഹീന്‍ അബൂബക്കര്‍ (റ) യുടെയും പുണ്യ ഖബറുകള്‍. ഈ ഖബറുകളാണ് ബീമാപള്ളിക്ക് ജീവന്‍ നല്‍കുന്നത്. ഓജസ്സ് നല്‍കുന്നത്.

കല്ലടി മസ്താന്‍ (റ)

പരിപാവനമായ ബീമാപള്ളി ദര്‍ഗ ഷെരീഫിനടുത്ത് പരിപാവനമായ മറ്റൊരു മഖ്ബറ കൂടെയുണ്ട്. കല്ലടി മസ്താന്‍ എന്ന പേരിലറിയപ്പെടുന്ന ഒരു വലിയ്യിന്‍റെ മഖ്ബറയാണത്. സയ്യിദുത്തുന്നിസാ ബീവി (റ) യുടെയും പുത്രന്‍ സയ്യിദുശ്ശുഹദാ മാഹീന്‍ അബൂബക്കര്‍ (റ) ന്‍റെയും ഖബറുകള്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടാന്‍ വന്നതായിരുന്നു അദ്ദേഹം. പിന്നീടദ്ദേഹം അവിടെ നിന്ന് തിരിച്ചുപോകാന്‍ തോന്നിയില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ബീമബീവിയും മാഹീന്‍ അബൂബക്കറിന്‍റെയും ത്യാഗോജ്ജ്വലമായ ജീവിതം അത്രമേല്‍ അദ്ദേഹത്തെ ആകര്‍ഷിച്ചുകഴിഞ്ഞിരുന്നു. ഖബര്‍ സിയാറത്തും ആരാധനാ കര്‍മ്മങ്ങളും ഖുര്‍ആന്‍ പാരായണവും ദിക്കറും, ദുആകളും മറ്റുമായി സുദീര്‍ഘമായ 33 വര്‍ഷക്കാലം ബീമാപള്ളിയില്‍ അദ്ദേഹം കഴിച്ചുകൂട്ടി. അവിടെ വച്ച് തന്നെ മരണപ്പെടുകയും അവിടെതന്നെ ഖബറടക്കം ചെയ്യപ്പെടുകയും ചെയ്തു. കല്ലടി മസ്താന്‍റെ ഖബറിടവും ഇന്ന് അനേകം ആളുകളെ ആകര്‍ഷിക്കുന്നു.

മരുന്ന് കിണര്‍

പരിപാവനമായ ബീമാപള്ളി ദര്‍ക്ഷാ ശരീഫിന്‍റെ വടക്കുഭാഗത്തായി വളരെ പുരാതനമായ രണ്ട് കിണറുകള്‍ഉണ്ട്. അടുത്തടുത്തായുള്ള ഈ രണ്ട് കിണറുകളില്‍ ഒന്നില്‍ ഇളം ചൂട് വെള്ളവും, മറ്റേതില്‍ തണുപ്പുവെള്ളവുമാണ്. ദര്‍ഗാ ഷരീഫ് സിയാറത്തിനെത്തുന്ന ഭക്തജനങ്ങളാരും ഈ കിണറ്റിലെ വെള്ളം കുടിക്കാതെയും കുളിക്കാതെയും തിരിച്ചുപോകാറില്ല. ഈ കിണറ്റിലെ വെള്ളത്തിന് അവര്‍ണ്ണനീയമായ സവിശേഷതയുണ്ട് എന്നതാണതിന് കാരണം. പല രോഗങ്ങളും ശമിപ്പിക്കാനുള്ള ഔഷധവീര്യം ഈ കിണറ്റിലെ വെള്ളത്തിനുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. അതുകൊണ്ടാണിതിന് മരുന്ന് കിണര്‍ എന്ന പേര് ലഭിച്ചിട്ടുള്ളത്. ശാസ്ത്രജ്ഞന്മാര്‍ വരെ ഇവിടെ വന്ന് പരിശോധന നടത്തി ബോധ്യപ്പെട്ടുപോയിട്ടുണ്ട്. ചിരപുരാതനമായ മരുന്നുകിണറ്റിന് ബീമാപള്ളിയുമായി ചരിത്രപരമായ ബന്ധമാണുള്ളത്. മരുന്നു കിണര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് മാഹീന്‍ അബൂബക്കര്‍ വല്ലിയ്യുല്ലാഹി (റ) രക്തസാക്ഷിയായതെന്ന് പറയപ്പെടുന്നു.

ചന്ദനക്കുട നേര്‍ച്ച

നേര്‍ച്ചകളില്‍ പ്രധാനമായത് ചന്ദനക്കുടനേര്‍ച്ചയാണ്. വാസനത്തിരികള്‍ കത്തിച്ചുവെച്ച ചെറിയ മണ്‍പാത്രങ്ങളും അലൂമിനിയം പാത്രങ്ങളും തലയില്‍ വച്ച് വിനയത്തോടെ ഏഴുപ്രാവശ്യം പ്രദക്ഷിണം ചെയ്യുക. അതാണ് ചന്ദനക്കുട നേര്‍ച്ച. ആബാലവൃദ്ധം ജനങ്ങളും ഈ നേര്‍ച്ചയില്‍ പങ്കെടുക്കുന്നു.

 

ഉറൂസ്


ബീമാപള്ളിയില്‍ എല്ലാവര്‍ഷവും ജമാദുല്‍ ആഖിര്‍ മാസം 1 മുതല്‍ 10 വരെ വാര്‍ഷിക നേര്‍ച്ച നടത്തിവരാറുണ്ട്. ഉറൂസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ബീമാബീബിയുടെ ആണ്ടു നേര്‍ച്ചയാണിത്. ബീമാപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് വര്‍ണ്ണപതാക ഉയര്‍ത്തുന്നതോടെയാണ് ഉറൂസ് ആഘോഷത്തിന് തുടക്കമാകുന്നത്. ബീമാപള്ളി നിവാസികളെ സംബന്ധിച്ചിടത്തോളം ഈ ദിവസങ്ങള്‍ ഓരോന്നും പെരുന്നാള്‍ പോലെയാണ്. ജാതി-മത ഭേദമന്യെ ജനലക്ഷങ്ങള്‍ ഉത്സവത്തോടനുബന്ധിച്ച് ബീമാപള്ളിയിലെത്തുന്നു. സവിശേഷമായ ഈ പത്ത് ദിവസങ്ങളിലും ചന്ദനക്കുടനേര്‍ച്ച, മതപ്രസംഗം, റാത്തീബ്, ദഫ്മുട്ട് തുടങ്ങിയ ബഹുമുഖ പരിപാടികളുണ്‍ായിരിക്കും. പത്താം ദിവസം പുലര്‍ച്ചെ നടക്കുന്ന പട്ടണ പ്രദക്ഷിണ ഘോഷയാത്രയോടെയാണ് ഉറൂസ് സമാപിക്കുന്നത്. ഈ ഘോഷയാത്രയ്ക്ക് ശേഷം സര്‍വ്വമത സൗഹാര്‍ദ്ദത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ത്ഥന നടത്തുകയും തുടര്‍ന്ന് ഭക്തജനങ്ങളായ ആയിരങ്ങള്‍ക്ക് അന്നദാനം നടത്തുന്നതുമാണ്.

അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചെയ്യുന്നത്; തീര്‍ച്ച.
സൂറത്ത് അന്നിസാ 4:48