History of Beemapally

ബീമാപള്ളിയുടെ ചരിത്രം

ദക്ഷിണ ഇന്ത്യയിലെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ബീമാപള്ളി ദര്‍ഗാഷരീഫ്. ജാതിമത ഭേദമെന്യേ ആയിരക്കണക്കിനാളുകള്‍ ദിവസേന സന്ദര്‍ശനത്തിനെത്തുന്നു.

ബീമാപള്ളി ദര്‍ഗാശരീഫിനെ മഹനീയമാക്കുന്നത് ഇവിടെ അന്ത്യവിശ്രമംകൊള്ളുന്ന സയ്യിദത്തുനിസ്സാ ബീമാബീവി (റ) യും സയ്യിദുശ്ശുഹാദ് മാഹീന്‍ അബൂബക്കര്‍ (റ) ന്‍റെയും മഹത്വവും, അല്ലാഹുവിന്‍റെ ദീനിനുവേണ്ടി അവര്‍ സഹിച്ചിട്ടുള്ള കഷ്ടപ്പാടുകളുമാണ്. അതുകൊണ്ടുതന്നെ ബീമാപള്ളിയുടെ ചരിത്രം ഈ രണ്ട് മഹത് വ്യക്തികളുടെയും ചരിത്രമാണ്. ഇസ്ലാമിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും പ്രബോധനത്തിനുവേണ്ടി സര്‍വ്വവും ബലിയര്‍പ്പിക്കുകയും ചെയ്ത മഹിളാരത്നമാണ് സയ്യിദത്തുനിസ്സാ ബീമാബീവി (റ). ഇസ്ലാമിനു വേണ്ടി ഒട്ടേറെ ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിക്കുകയും ഒടുവില്‍ ഇസ്ലാമിനുവേണ്ടിയുള്ള രണാങ്കണത്തില്‍ പൊരുതി വീരമൃത്യും വരിക്കുകയും ചെയ്ത വീരരക്തസാക്ഷിയാണ് മാഹീന്‍അബൂബക്കര്‍ (റ).

ഏതാണ്ട് ഹിജ്റാബ്ദം 857 നടുത്തായിരുന്നു ബീമാബീവി (റ) ജീവിച്ചിരിക്കുന്നത്. ഖുര്‍ആന്‍ ഫിഖ്ഹ്, ഹദീസ് തുടങ്ങിയ ഇസ്ലാമിക വിജ്ഞാനശാഖകളില്‍ അഗാഥമായ അവഗാഹം നേടിയ ബീമാബീവി (റ) അറേബ്യയില്‍ നബിതിരുമേനി (സ) യുടെ ഗോത്രമായ ഖുറൈശ് ഗോത്രത്തിലായിരുന്നു ജനിച്ചത്. ബീമാബീവി (റ)യും ഭര്‍ത്താവ് അബ്ദുല്‍ ഗാഫറും മകന്‍ മഹീന്‍ അബൂബക്കര്‍ (റ) വും അടങ്ങുന്ന കുടുംബം മതഭക്തിയോടും മതചിട്ടയോടുംകൂടെ അല്ലാഹുവിന്‍റെ മാര്‍ക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. തന്നിമിത്തം അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്തിനും കിടയറ്റ കാരുണ്യത്തിനും അവരുടെ കുടുംബം അര്‍ഹരായിത്തീര്‍ന്നു. അവരുടെ നാക്കിനും വാക്കിനും പ്രവര്‍ത്തിക്കും അല്ലാഹു പ്രത്യേക ഫലവും പുണ്യവും നല്‍കി. അതുപയോഗിച്ച് അവര്‍ രോഗബാധിതരെയും, പൈശാചിക ബാധയേറ്റവരെയും ചികിത്സിക്കുകയും മതപ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. മഹീന്‍ അബുബക്കര്‍ (റ) ന്‍റെ ബാല്യകാലത്ത് തന്നെ പിതാവ് മരണപ്പെടുകയുണ്ടായി.

മക്കയിലുണ്ടായിരുന്ന ബീമാബീവി (റ) ക്കും മാഹീന്‍ അബൂബക്കര്‍ (റ)യ്ക്കും ഒരേദിവസം സ്വപ്നദര്‍ശനം ഉണ്ടാവുകയും അതനുസരിച്ച് അവര്‍ ഇന്ത്യയില്‍ വന്ന്  മതപ്രബോധനം നടത്താന്‍ പുറപ്പെടുകയും കേരളത്തില്‍ മാഹി എന്ന സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. കേരളത്തില്‍ ഉടനീളം സഞ്ചരിച്ച് മതപ്രബോധനവും ആതുരശിശ്രൂഷയും നടത്തിയ അവര്‍ ഒടുവില്‍ തെക്കന്‍ തിരുവിതാംകൂറിലെ തിരുവല്ലം എന്ന സ്ഥലത്ത് എത്തിച്ചേരുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. മാറാരോഗങ്ങളും തീരാപ്രശ്നങ്ങളുമായി ദിവസേന ആയിരക്കണക്കിന് ആളുകള്‍ അവരെ സന്ദര്‍ശിക്കുകുയും പലരും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ അവരുടെ പ്രശസ്തി തെക്കന്‍ തിരുവിതാംകൂറിലെങ്ങും പരക്കുകയും അവരുടെ പ്രശസ്തിയിലും സേവനത്തിലൂടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിലും ഇസ്ലാമിന്‍റെ പ്രചാരത്തിലും അരശംപൂണ്ട ഒരു വിഭാഗം ആള്‍ക്കാള്‍ അവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

ഇതിനിടയില്‍ മാഹീന്‍ അബൂബക്കര്‍ (റ) ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെടുകയും അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ ബീമാബീവി (റ) യെ രാജ്യം വിടാന്‍ നിര്‍ബന്ധിതമാകത്തക്കരീതിയില്‍ അന്നത്തെ രാജഭരണക്കാര്‍ പലവിധേനയും ഉപദ്രവിക്കുകയും വിദേശികള്‍ക്ക് രാജ്യത്ത് താമസിക്കുന്നതിന് കരം നല്‍കണമെന്ന പുതിയ നിയമം കൊണ്ടുവരികയും ചെയ്തു. ഹജ്ജ് കര്‍മ്മാനന്തരം തിരിച്ചെത്തിയ മാഹീന്‍ അബുബക്കര്‍ (റ) തന്‍റെ മാതാവിനും അനുയായികള്‍ക്കും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ മനസ്സിലാക്കുകയും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ എങ്ങനെ നേരിടാമെന്ന് തന്‍റെ അനുയായികളെ ബോധവാന്മാരാക്കുകുയും ചെയ്തു. ദൈനംദിനം ആക്രമണം വര്‍ദ്ധിക്കുകയും, നാടെങ്ങും കൊള്ളയും കൊലയും നടത്തുകയും

ഗ്രാമങ്ങള്‍ യുദ്ധക്കളങ്ങളായി മാറുകയും ചെയ്തു. ഈ ആക്രമണങ്ങള്‍ക്ക് ഭരണാധിപന്മാരുടെ ഒത്താശകൂടിയായപ്പോള്‍ മാഹീന്‍ അബൂബക്കര്‍ (റ) അക്രമം അമര്‍ച്ച ചെയ്യാനും എതിരാളികളെ നേരിടാനുമായി അനുയായികളെ സംഘടിപ്പിക്കുകയും ശത്രുക്കളോട് ഏറ്റുമുട്ടാന്‍ വേണ്ടി പുറപ്പെടുകയും ചെയ്തു. മാഹീന്‍ അബുബക്കര്‍ (റ) ഒരു യോദ്ധാവോ ആയുധപരിശീലനം നേടിയ ആളോ അല്ലായിരിന്നിട്ടുകൂടി അദ്ദേഹം രംഗത്തിറങ്ങിയതോടെ യുദ്ധത്തിന്‍റെ ഗതിതന്നെ മാറി. ഒരുപാട് ശത്രുഭടന്മാരെ മാഹീന്‍ അബൂബക്കര്‍ (റ) വും സംഘവും തങ്ങളുടെ വാളുകള്‍ക്ക് ഇരയാക്കുകയുണ്ടായി. മാഹീന്‍ അബൂബക്കറിന് (റ) ഒരു പോറലെങ്കിലും ഏല്‍പ്പിക്കാന്‍ ശത്രുക്കള്‍ക്ക് കഴിഞ്ഞതുമില്ല. തങ്ങള്‍ ഭൂരിപക്ഷമായിരുന്നിട്ടും സര്‍ക്കാര്‍ സൈന്യത്തിന്‍റെ പിന്തുണ ഉണ്ടായിട്ടും പരിമിതമായ അനുയായികളെ തുരത്താന്‍ കഴിയാത്തത് മാഹീന്‍ അബൂബക്കര്‍ (റ) യുടെ സാന്നിദ്ധ്യം ഒന്നുമാത്രമാണെന്ന് തിരിച്ചറിയുകയും, നിരന്തര ശ്രമഫലമായി അദ്ദേഹത്തെ ചതിയില്‍ വെട്ടി കൊലപ്പെടുത്തുകയും ചെയ്തു.

അല്ലാഹുവിന്‍റെ മാര്‍ക്ഷത്തിലുള്ള ധര്‍മ്മസമരത്തില്‍ തന്‍റെ മകന്‍ രക്തസാക്ഷിയായ വിവരം അറിഞ്ഞപ്പോള്‍ ബീമാബീവി (റ) അത്യധികം അസ്വസ്ഥതയും ദുഃഖിതയുമായിത്തീര്‍ന്നു. മകന്‍റെ വേര്‍പാട് അവരെ വളരെയധികം തളര്‍ത്തി. മാഹീന്‍ അബൂബക്കര്‍ (റ) രക്തസാക്ഷിത്വം വഹിച്ചതിന്‍റെ 40-ാം ദിവസം ബീമാബീവി (റ) ഇഹലോഹവാസം വെടിഞ്ഞു. ബീമാബീവി (റ)യുടെ വസിയ്യത്ത് അനുസരിച്ച് അവരുടെ മയ്യിത്ത് തന്‍റെ പുത്രന്‍റെ സമീപത്ത് തന്നെ ഖബറടക്കുകയുണ്ടായി. ആതുരസേവനത്തിലൂടെയും മതപ്രബോധനത്തിലൂടെയും ആയിരക്കണക്കിനാളുകളെ അനുഗ്രഹിച്ച സയ്യിദത്തുന്നിസാ ബീമാബീവി (റ)യും പുത്രന്‍ സയ്യിദുശ്ശുഹദാ മാഹീന്‍ അബൂബക്കര്‍ (റ) ന്‍റെയും മരണം തെക്കന്‍ തിരുവിതാംകൂറിന്‍റെ സാമൂഹ്യ മണ്ഡലത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. ആധുനിക ചികിത്സാസമ്പ്രദായങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാനാജാതിമതസ്ഥരായ ആയിരക്കണക്കിനാളുകള്‍ അവരുടെ വീട്ടിലെക്ക് വരുകയും അനുഗ്രഹവും സംതൃപ്തിയും നേടി മടങ്ങുകയും ചെയ്തിരുന്നു. ബീമാബീവി (റ) യെയും പുത്രന്‍ അബൂബക്കര്‍ (റ)യെയും ദ്രോഹിക്കുന്നതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അല്ലാഹു പ്രത്യേകം തീരാവ്യാധികള്‍ നല്‍കി അസഹ്യമായ വേദനയും ദുര്‍ഗന്ധവും കൊണ്ട് അവര്‍ പൊറുതിമുട്ടി നിദ്രയും സ്വസ്ഥതയും അവര്‍ക്ക് നഷ്ടപ്പെട്ടു. ജീവിതം അവരെ സംബന്ധിച്ചിടത്തോളും നരകതുല്യമായി തീര്‍ന്നു.

ബീമാബീവി (റ)യും മാഹീന്‍ അബൂബക്കര്‍ (റ) യും മണ്‍മറഞ്ഞുപോയിട്ട് 500 വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും ആ മഹാത്മാക്കളുടെ കഴിവുകളും ഖറാമത്തുകളും ഇന്നും നിലനില്‍ക്കുന്നു. ജീവിതകാലം മുഴുവന്‍ ആതുരസേവനത്തിനും രോഗശുശ്രൂഷയിലും നിരതരായി കഴിയുകയായിരുന്നു അവര്‍. ജീവിതശേഷവും ആത്മാര്‍ത്ഥതയോടെ തങ്ങളുടെ ദര്‍ഗാശരീഫിലെത്തുന്നവരുടെ രോഗങ്ങള്‍ അവര്‍ അല്ലാഹുവിന്‍റെ കൃപാകടാക്ഷത്താല്‍ ഭേദപ്പെടുത്തിക്കൊടുക്കുകയും പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കുകയും ചെയ്യുന്നു.  ആ മഹാത്മാക്കളുടെ അനുഗ്രഹവും ബര്‍ക്കത്തും തേടി ആയിരക്കണക്കിനാളുകള്‍ ഇന്നും അവരുടെ ഖബറില്‍ എത്തുന്നു.

ആധുനിക വൈദ്യശാസ്ത്രം പോലും പരാജയപ്പെട്ട നാനാജാതി മതസ്ഥരായ അനേകം രോഗികള്‍ ആശുപത്രി വിട്ട് ബീമാപള്ളിയില്‍ വന്ന് സിയാറത്ത് ചെയ്ത് രോഗശമനം നേടി ആത്മസംതൃപ്തിയോടെ നേര്‍ച്ചകള്‍ നടത്തി സന്തോഷമായി മടങ്ങിപ്പോകുന്ന കാഴ്ച നിത്യസംഭവമാണ്. അതുപോലെ രാജ്യത്തെ വ്യവസായ പ്രമുഖര്‍, പണ്ഡിത ശിരോമണികള്‍, രാഷ്ട്രീയ പ്രമുഖര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, സാംസ്കാരിക നായകന്മാര്‍, നിയമപാലകര്‍, ആരോഗ്യപരിപാലകരായ വിദഗ്ധ ഡോക്ടര്‍മാര്‍ തുടങ്ങി സാധാരണക്കാരായ നാനാജാതി മതസ്ഥര്‍ വരെ നിത്യേന ബീമപള്ളി ദര്‍ഗാ ഷരീഫില്‍ നേര്‍ച്ചയ്ക്കായി എത്തിച്ചേരുന്നു. ഗുലാം നബി ആസാദ് ഇന്ത്യയുടെ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ ബീമാപള്ളി സന്ദര്‍ശിക്കുകയും ബീമാപള്ളിയെ ഇന്ത്യയിലെ ഒരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

സയ്യിനത്തുന്നിസ്സാ ബീമാബീവി (റ) യുടെയും സയ്യിദ് ശുഹദാ മാഹീന്‍ അബൂബക്കര്‍ (റ) യുടെയും കൂടെ അല്ലാഹു നാമേവരെയും സ്വര്‍ക്ഷത്തില്‍ ഒരുമിച്ചുകൂട്ടുമാറാകട്ടെ. അവരുടെ ബര്‍ക്കത്തുകൊണ്ട് അല്ലാഹു നമ്മുടെ എല്ലാ രോഗങ്ങളും ശിഫയാക്കുകയും നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്യുമാറാകട്ടെ.. ആമീന്‍.

അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചെയ്യുന്നത്; തീര്‍ച്ച.
സൂറത്ത് അന്നിസാ 4:48