News

ബീമാപള്ളി ഉറൂസിന് കൊടിയേറി

JANUARY 16, 2021 

ബീമാപള്ളി ദർഗാ ഷെരീഫിലെ ചരിത്ര പ്രസിദ്ധമായ ഉറൂസിന് കൊടിയേറി. തക്ബീർ വിളികൾ ഉയർന്നു ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പള്ളിമിനാരത്തിലെ അലങ്കരിച്ച കൊടിമരത്തിൽ ഇരുവർണ കൊടികൾ ഉയർന്നു. രാവിലെ 11നു ബീമാപള്ളി ജമാഅത്ത് അധ്യക്ഷൻ എ.മാഹീൻ ദുബായിൽ നിന്ന് എത്തിച്ച പതാക ഉയർത്തി. 10 ദിവസം നീളുന്ന ഉറൂസ് 25നു സമാപിക്കും. രാവിലെ 8ന് ദുആ പ്രാർഥനയോടെ ദർഗാഷെരീഫ് അങ്കണത്തിൽ നിന്നു ഇമാം സബീർ സഖാഫിയുടെ നേതൃത്വത്തിൽ പട്ടണപ്രദക്ഷിണം ആരംഭിച്ചു. പട്ടണ പ്രദക്ഷിണം ജോനക പൂന്തുറ മാണിക്യവിളാകം,പത്തേക്കർ വഴി ജമാഅത്ത് അങ്കണത്തിൽ എത്തി ചേർന്നു. തുടർന്നു മുൻ ചീഫ് ഇമാം അൽഹാജ് ഹസ്സൻ അഷ്റഫി ഫാളിൽ അൽബാഖവിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടന്നു.

പ്രാർഥനയ്ക്കു ശേഷം ദർഗാഷെരിഫിൽ നിന്നും പുറത്തേക്ക് എടുത്ത പതാക ജമാഅത്ത് അധ്യക്ഷൻ കൊടിമരത്തിൽ ഉയർത്തിയതോടെ ഉറൂസിന് തുടക്കമായി. ഇനിയുള്ള 10 ദിവസം ബീമാപള്ളിയും പരിസരവും തീർഥാടകരുടെ തിരക്കായിരിക്കും. നാനാജാതി മതസ്ഥരുടെ സംഗമ വേദിയാണ് ബീമാപള്ളി ഉറൂസ്. ആഘോഷത്തിന്റെ ഭാഗമായി ബീമാപള്ളിയും പരിസരവും വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചു. എല്ലാ ദിവസവും മതപണ്ഡിതരുടെ മതപ്രഭാഷണം, ചന്ദനക്കുടനേർച്ച,റാത്തീബ്, ദഫ്മുട്ട് എന്നിവ ഉണ്ടാകും.

അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചെയ്യുന്നത്; തീര്‍ച്ച.
സൂറത്ത് അന്നിസാ 4:48